ഇത്തവണ ഭിന്നലിംഗക്കാര്‍ക്കും വോട്ട്

  108
ഇത്തവണ  ഭിന്നലിംഗക്കാര്‍ക്കും വോട്ട് Image
TT

ഇത്തവണ ഭിന്നലിംഗക്കാര്‍ക്കും വോട്ട്

സമൂഹത്തില്‍ ഒട്ടേറെ അവഗണനകള്‍ നേരിടുന്ന ഭിന്നലിംഗക്കാര്‍ക്കും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം.  സുപ്രീംകോടതിയുടേയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെയും അനുകൂലനിര്‍ദ്ദേശങ്ങള്‍ നടപ്പായതോടെ ജില്ലയില്‍ 70 ഓളം ഭിന്നലിംഗക്കാരാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിരിക്കുന്നത്.

ഏറെ പോരാട്ടങ്ങള്‍ക്കൊടുവിലാണ് എല്ലാവര്‍ക്കുമുള്ള അവകാശം തങ്ങള്‍ക്കും ബാധകമാണെന്ന അനുകൂല സമീപനം നേടിയെടുക്കാന്‍ ഈ വിഭാഗത്തിനായത്.  ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ക്രിയാത്മക നടപടികളും കൂടിയായപ്പോള്‍ നിരവധി കടമ്പകള്‍ ഭയന്ന് ഒഴിഞ്ഞുനിന്ന ഒട്ടേറെ ഭിന്ന
ലിംഗക്കാര്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ വോട്ടര്‍പ്പട്ടികയില്‍ ഇടംനേടാനായി.

ഇത്രയും കാലം ഭിന്നലിംഗക്കാരെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തിയിരുന്ന തങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ കൂടി സഹകരണം ലഭിച്ചതിനാലാണ് പ്രതിസന്ധികളും നൂലാമാലകളും മറികടന്ന് വോട്ടവകാശം നേടിയെടുക്കാനായതെന്ന് ടി.വി കോമഡി പരിപാടികളിലെ സ്ഥിരസാന്നിധ്യമായ സൂര്യ പറയുന്നു.  ഏറെക്കാലം ഇതിനായി നിരവധി വാതിലുകള്‍ കയറിയിറങ്ങിയാണ് തങ്ങള്‍ ഈ അവകാശം നേടിയെടുത്തത്.  ഇതിനൊന്നും സാഹചര്യമില്ലാത്ത മറ്റനേകം പേര്‍ക്കും ഇപ്പോള്‍ പട്ടികയില്‍ ഇടംനല്‍കാനായി. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും  ഭിന്നലിംഗക്കാരുടെ പ്രതിനിധിയായ ശീതള്‍ ശ്യാം പറഞ്ഞു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പാറ്റൂരിലാണ് സൂര്യക്ക് വോട്ട്. ശീതളിന് ജന്മദേശമായ തൃശൂര്‍ കോടൂരിലാണ് വോട്ടുള്ളത്.

കളക്ടര്‍ ബിജു പ്രഭാകറിന്റെ നേതൃത്വത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ആസൂത്രണം ചെയ്ത വോട്ടിംഗ് ശതമാനം ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളിലെ ശ്രദ്ധേയ മേഖലയായിരുന്നു കൂടുതല്‍  ഭിന്നലിംഗക്കാരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയെന്നത്.


Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.