മഹാഗണി കൃഷി വ്യാപകമാക്കാന്‍ കേന്ദ്ര പദ്ധതി

  451
മഹാഗണി കൃഷി വ്യാപകമാക്കാന്‍ കേന്ദ്ര പദ്ധതി Image

മഹാഗണി കൃഷി വ്യാപകമാക്കാന്‍ കേന്ദ്ര പദ്ധതി

ഔഷധ ഗുണവും തടി മേന്മയും കണക്കിലെടുത്തു കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം രാജ്യത്തു മഹോഗണി തോട്ടങ്ങള്‍ വ്യാപകമാക്കാനുള്ള ശ്രമം ആരംഭിച്ചു. മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം കോയമ്പത്തൂരിലെ ഫോറസ്റ്റ് ജനറ്റിക്‌സ് ആന്‍ഡ് ട്രീ ബ്രീഡിംഗ്-ഐഎഫ്ജിടിബി-എന്ന സ്ഥാപനമാണ് മഹോഗണി തോട്ടങ്ങള്‍ നിര്‍മിക്കാന്‍ സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. അതിവേഗം വളരുന്ന വൃക്ഷം എന്നതിനൊപ്പം ഉരുപ്പടി നിര്‍മാണത്തില്‍ മഹാഗണിക്കുള്ള പ്രാധാന്യവും തോട്ടങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നുണ്ട്. തമിഴ്‌നാട്, കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ നിലവില്‍ ചെറിയ തോതില്‍ തോട്ടങ്ങളുടെ രൂപത്തില്‍ മഹോഗണി വളര്‍ത്തുന്നുണ്ട്. മഹാഗണി തോട്ടങ്ങളുടെ വ്യാപനത്തോടെ മരം കയറ്റി അയയ്ക്കാനുള്ള സാധ്യതയിലൂടെ വിദേശ വിപണിയും സാധ്യമാകും.കേരളത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ മഹാഗണി തോട്ടമുള്ളതു വടക്കന്‍ കേരളത്തിലാണ്. കാസര്‍ഗോഡ് ജില്ലയിലെ കര്‍ണാടക വനത്തോടു ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയില്‍ ഏക്കര്‍ കണക്കിനു മഹാഗണി പ്ലാന്റേഷനുകള്‍ നിലവിലുണ്ട്. കണ്ണൂര്‍ ജില്ലയില്‍ തന്നെ കണ്ണവം റിസര്‍വ് വനത്തില്‍ മുന്നൂറോളം ഏക്കറില്‍ മഹോഗണി പ്ലാന്റേഷനുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മഹോഗണി മരം കണ്ണവം വനത്തിലാണെന്നാണ് വനംവകുപ്പ് പറയുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു മഹാഗണിയുടെ വിത്തുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞ രണ്ടു മാസമായി ഐഎഫ്ജിടിബി പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ.എം.വി.ദുരൈയുടെ നേതൃത്വത്തിലുള്ള സംഘം കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലും കൊല്ലം ജില്ലയിലെ തെന്‍മല, ആര്യങ്കാവ് എന്നിവിടങ്ങളിലും എത്തിയിരുന്നു. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള വിത്തുകള്‍ സംഘം ശേഖരിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായി 1795 ലാണ് മഹോഗണി മരം കോല്‍ക്കത്ത ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നട്ടുപിടിപ്പിച്ചത്. പിന്നീട് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി മഹോഗണി മരങ്ങള്‍ വ്യാപിച്ചു. ഈ മരങ്ങളുടെ 200 വര്‍ഷത്തോളം പഴക്കമുള്ള തോട്ടങ്ങള്‍ ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലും തമിഴ്‌നാട്ടിലെ പച്ചമല, മയ്യപ്പാടി എന്നിവിടങ്ങളിലുമുണ്ട്. തടി ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1886ല്‍ ബ്രിട്ടീഷുകാര്‍ മഹാഗണി മരം കണ്ണവം വനപ്രദേശത്തു നട്ടുപിടിപ്പിച്ചത്. മഹാഗണിയുടെ വിത്തുകള്‍ ശേഖരിക്കുകയെന്നത് അതീവ ദുഷ്‌കരമായ കാര്യമായതിനാല്‍ സേലം മാര്‍ക്കറ്റില്‍ ഒരു കിലോഗ്രാം വിത്തിന് 6,000 രൂപ വരെയാണ് ഇപ്പോള്‍ ഈടാക്കിവരുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക്-09445944288 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.