റിംഗിംഗ് ബെല്‍സ് കമ്പനിക്കെതിരെ കേസ്

  459
റിംഗിംഗ് ബെല്‍സ് കമ്പനിക്കെതിരെ കേസ് Image

റിംഗിംഗ് ബെല്‍സ് കമ്പനിക്കെതിരെ കേസ്

തദ്ദേശീയമായി 251 രൂപയ്ക്കു സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്നു പ്രഖ്യാപിച്ച റിംഗിംഗ് ബെല്‍സ് കമ്പനിക്കെതിരെ കേസ്. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ഉപയോക്താക്കളെ കബളിപ്പിക്കാന്‍ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി നോയിഡ പോലീസാണ് റിംഗിംഗ് ബെല്‍ ഉടമയ്ക്കും പ്രസിഡന്റിനും അടക്കമുള്ളവര്‍ക്കെതിരേ കേസെടുത്തത്. ബിജെപി എംപി കിരിത് സോമയ്യ നല്‍കിയ പരാതിയിലാണു നടപടി. കമ്പനി പ്രമോട്ടര്‍ മോഹിത് ഗോയല്‍, പ്രസിഡന്റ് അശോക് ഛദ്ദ എന്നിവര്‍ക്കെതിരേ വഞ്ചന, കള്ളപ്രമാണങ്ങളുണ്ടാക്കല്‍, തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കാന്‍ ശ്രമിച്ചതു കൂടാതെ ദേശീയ പതാക ദുരുപയോഗം ചെയ്‌തെന്നും കിരിത് സോമയ്യ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ കുറഞ്ഞ വിലയ്ക്കു നല്‍കുമെന്നാണ് റിംഗിംഗ് ബെല്‍ കമ്പനി പ്രഖ്യാപിച്ചത്. 251 രൂപയ്ക്കു ഫ്രീഡം 251 എന്ന സ്മാര്‍ട്‌ഫോണ്‍ നല്‍കുമെന്നായിരുന്നു റിംഗിംഗ് ബെല്‍സ് എന്ന സ്റ്റാര്‍ട്ടപ് കമ്പനിയുടെ പരസ്യം. 40 രൂപ കൊറിയര്‍ ചാര്‍ജ് ഉള്‍പ്പെടെ 291 രൂപയാണു ഫ്രീഡം 251 സ്മാര്‍ട്ട് ഫോണിന്റെ വിലയായി റിംഗിംഗ് ബെല്‍സ് കമ്പനി ഈടാക്കിയത്. പ്രതിമാസം രണ്ടു കോടി ഫോണുകള്‍ വിപണിയിലിറക്കുമെന്നായിരുന്നു റിംഗിംഗ് ബെല്‍സിന്റെ പ്രഖ്യാപനം. എന്നാല്‍, പ്രചാരണങ്ങള്‍ വിവാദമായതോടെ ഏകദേശം 2,500 രൂപ മൂല്യമുള്ള ഫോണാണു ഫ്രീഡം 251 എന്നു കമ്പനിതന്നെ വെളിപ്പെടുത്തിയിരുന്നു. ആദ്യം ഓണ്‍ലൈന്‍ വഴി പണമടയ്ക്കല്‍ അനുവദിച്ചിരുന്നെങ്കിലും പിന്നീട് മൊബൈല്‍ ലഭിച്ചതിനു ശേഷം പണം മതിയെന്ന വ്യവസ്ഥയിലേക്കു മാറ്റി. അതുവരെ ബുക്ക് ചെയ്ത 30,000 പേര്‍ നല്‍കിയ തുക തിരികെ നല്‍കുമെന്നും കമ്പനി പ്രഖ്യാപിച്ചു. അതേസമയം, കമ്പനിക്കെതിരെ ആദായനികുതി വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.