ചിന്നാറിലെ ആദിവാസി സ്ത്രീകളില്‍ ഗര്‍ഭപാത്രസംബന്ധ രോഗങ്ങള്‍ പേരുകുന്നു

  116
ചിന്നാറിലെ ആദിവാസി സ്ത്രീകളില്‍ ഗര്‍ഭപാത്രസംബന്ധ രോഗങ്ങള്‍ പേരുകുന്നു Image

ചിന്നാറിലെ ആദിവാസി സ്ത്രീകളില്‍ ഗര്‍ഭപാത്രസംബന്ധ രോഗങ്ങള്‍ പേരുകുന്നു

ഗര്‍ഭ നിരോധന ഗുളികകളുടെ അശാസ്ത്രീയ ഉപയോഗംമൂലം ഇടുക്കി ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ ആദിവാസി കുടികളിലെ സ്ത്രീകളില്‍ ഗര്‍ഭപാത്ര സംബന്ധമായ രോഗങ്ങള്‍ വര്‍ധിക്കുന്നതായി പഠനം. കോട്ടയം മെഡിക്കല്‍ കോളജ് സര്‍വീസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വന്യജീവി സങ്കേതത്തിലെ 11 കുടികളിലാണ് മെഡിക്കല്‍ സംഘം പഠനം നടത്തിയത്.
മെഡിക്കല്‍ കോളജ് അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടുന്ന സാമൂഹിക സേവന വിഭാഗമാണു സര്‍വീസ് സെന്റര്‍. സങ്കേതത്തിലെ തായന്നംകുടിയില്‍ ഗര്‍ഭപാത്ര സംബന്ധമായ രോഗങ്ങളും കുട്ടികള്‍ ഇല്ലാത്ത കുടുംബങ്ങളുടെ എണ്ണവും കൂടുതലാണെന്നു കണ്ടെത്തി. ഗര്‍ഭനിരോധന ഗുളികകളുടെ അശാസ്ത്രീയമായ ഉപയോഗമാണു കുട്ടികള്‍ ഉണ്ടാകാത്തതിനു പിന്നിലെന്നാണ് ആരോഗ്യ പ്രവര്‍ത്തരുടെ പ്രാഥമിക നിഗമനം. ആര്‍ത്തവം ഒഴിവാക്കാനായി ഇത്തരം ഗുളികകള്‍ യാതൊരു നിയന്ത്രണവുമില്ലാതെ കഴിക്കുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. ആര്‍ത്തവസമയത്തു സ്ത്രീകളെ സ്വന്തം വീടുകളില്‍ താമസിക്കാന്‍ അനുവദിക്കാറില്ല. വാലായ്മപ്പുര എന്ന പൊതുശാലയില്‍ കഴിയണം. ഇതൊഴിവാക്കാനാണു അനിയന്ത്രിതമായി ഗുളിക ഉപയോഗിക്കുന്നത്.
പത്തിലേറെ സ്ത്രീകളില്‍ തൈറോയ്ഡ് സംബന്ധമായ രോഗങ്ങള്‍ കണ്ടെത്തി. സ്ത്രീകളിലും കുട്ടികളിലും വിളര്‍ച്ചയും പോഷകാഹാരകുറവും കണ്ടെത്തിയിട്ടുണ്ട്. ഹൃദയ സംബന്ധമായ ഗുരുതര രോഗങ്ങളുള്ള രോഗികള്‍, കാലുകളിലെ രക്ത ഓട്ടം കുറഞ്ഞ് ഗാങ്ഗ്രീന്‍ (ഒരവയവം നിര്‍ജ്ജീവമായി വ്രണം ആകുന്ന അവസ്ഥ) ആയ രോഗികള്‍, ഹൃദയത്തിന്റെ വാല്‍വ് സംബന്ധമായ രോഗമുള്ള ഒരു കുട്ടി എന്നിവരെ കൂടുതല്‍ പരിശോധനക്കായി മെഡിക്കല്‍ കോളേജിലെത്തിക്കാനും സംഘം നിര്‍ദേശം നല്‍കി. ഒന്‍പത് പുരകളിലായി 33 പേരാണ് ഇവിടെ താമസിക്കുന്നത്. പലരും ക്യാമ്പില്‍ എത്താന്‍ വിസമതിച്ചതോടെ സംഘം ഓരോരുത്തരുടെയും വീടുകളില്‍ എത്തുകയായിരുന്നു. മെഡിക്കല്‍ സര്‍വീസ് സെന്റര്‍ സംസ്ഥാന കണ്‍വീനര്‍ ഡോ. ഹരിപ്രസാദ്, ഡോ. നസ്‌നീന്‍, ഡോ. നാദിര്‍ അബ്ദുള്‍ റസാക്ക്, മറയൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഡോ. സാം സാവിയോ, ഡോ മുഹമ്മദ് അസ്‌ലം, കോട്ടയം മെഡിക്കല്‍ കോളേജിലെ 15 മെഡിക്കല്‍ വിദ്യാര്‍ഥികളും ചിന്നാര്‍ അങ്കന്‍വാടി അധ്യാപകര്‍, വനം വകുപ്പ് ഉദാ്യേഗസ്ഥര്‍ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. മെഡിക്കല്‍ സര്‍വീസ് സെന്റര്‍ യൂണിറ്റിനൊപ്പം വനം വന്യജീവി വകുപ്പ് ചിന്നാര്‍ ഡിവിഷന്‍, മറയൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രം, കോട്ടയം നേച്ചര്‍ സൊസൈറ്റി, ട്രാവന്‍കൂര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി എന്നിവരും ക്യാമ്പില്‍ സഹകരിച്ചിരുന്നു.  

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.