ഫോട്ടോണിക്‌സ് ആപ്ലിക്കേഷന്‍സ് : അന്താരാഷ്ട്ര സിമ്പോസിയം ആരംഭിച്ചു

  191
ഫോട്ടോണിക്‌സ് ആപ്ലിക്കേഷന്‍സ് : അന്താരാഷ്ട്ര സിമ്പോസിയം ആരംഭിച്ചു Image

ഫോട്ടോണിക്‌സ് ആപ്ലിക്കേഷന്‍സ് : അന്താരാഷ്ട്ര സിമ്പോസിയം ആരംഭിച്ചു

പ്രകാശത്തിന്റെ ശാസ്ത്രം അടുത്ത ദശാബ്ദത്തില്‍ വിപ്ലവം സൃഷ്ടിക്കും

നാനോ ഫോട്ടോണിക്‌സിലും, നാനോ ബയോഫോട്ടോണിക്‌സിലുമുള്ള മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സിമ്പോസിയം തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്തു. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയാണ് സിമ്പോസിയം സംഘടിപ്പിച്ചിരിക്കുന്നത്. 

നാനോ ഫോട്ടോണിക്‌സ്, നാനോ ബയോ ഫോട്ടോണിക്‌സ് എന്നിവ കേന്ദ്രീകരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ചികിത്സാരംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രകാശത്തിന്റെ ശാസ്ത്രവും, സാങ്കേതികവിദ്യയും സൃഷ്ടിക്കുന്ന വിപ്ലവത്തിന് അടുത്ത ദശാബ്ദത്തില്‍ സാക്ഷ്യം വഹിക്കാന്‍ സാധിക്കും. ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ധര്‍ അനുഭവജ്ഞാനം പങ്കിടുന്നത് ചികിത്സാശാസ്ത്രത്തില്‍ പുരോഗതിയുണ്ടാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

പ്രകാശവും, പദാര്‍ത്ഥങ്ങളും ജീവിതത്തിന് എന്ന വിഷയത്തില്‍ ഗവേഷകര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, ബയോ ഫോട്ടോണിക്‌സ്, നാനോ സയന്‍സ് ബയോമെറ്റീരിയല്‍സ് തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ തുടങ്ങിയവര്‍ സിമ്പോസിയത്തില്‍ അറിവുകളും, അനുഭവങ്ങളും പങ്കുവയ്ക്കും. അമേരിക്ക, ആസ്‌ട്രേലിയ, കൊറിയ, ജപ്പാന്‍, ബല്‍ജിയം, ഫ്രാന്‍സ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര വിദഗ്ധര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 

പ്രകാശകേന്ദ്രീകൃതമായ  പുതിയ സാങ്കേതികവിദ്യകളുടെ അനുഭവജ്ഞാനം പങ്കിടുന്നതിന് ഇന്ത്യയിലും വിദേശത്തു നിന്നുമുള്ള യുവശാസ്ത്രജ്ഞരുടെ പ്രത്യേക സെഷനുകളും സിമ്പോസിയം സംഘടിപ്പിക്കുന്നുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റും, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് ഉപാധ്യക്ഷനുമായ കെ എം ചന്ദ്രശേഖര്‍, ഡോ.എം എസ് വല്യത്താന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.ആശ കിഷോര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.