ഓടിമടുക്കാതെ സിനിമാവണ്ടി.......

  435
ഓടിമടുക്കാതെ സിനിമാവണ്ടി....... Image

ഓടിമടുക്കാതെ സിനിമാവണ്ടി.......

കേരളത്തിന്റെ തെക്കേ അറ്റത്തു നിന്നും വടക്കോട്ട് 'സിനിമവണ്ടി' എന്നു പേരുള്ള ഒരു

കേരളത്തിന്റെ തെക്കേ അറ്റത്തു നിന്നും വടക്കോട്ട്  'സിനിമവണ്ടി' എന്നു പേരുള്ള ഒരു ഒമിനി വാന്‍  യാത്ര പുറപ്പെട്ടു. ജനുവരി 24ന് തിരുവനന്തപുരത്തു വച്ച്  അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത് യാത്രയ്ക്കുള്ള സിഗ്നല്‍ നല്‍കിയ സിനിമാവണ്ടി ഇപ്പോള്‍ തൃശ്ശൂരും പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. കഴിഞ്ഞ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ നല്ല മലയാളചിത്രത്തിനുള്ള ഫിപ്രസ്സി, നെറ്റ്പാക് അവാര്‍ഡുകളും, മികച്ച സംവിധാനത്തിന് ജോണ്‍ എബ്രഹാ, അരവിന്ദന്‍ പുരസ്‌കാരങ്ങളും നേടിയ സനല്‍കുമാര്‍ ശശിധരന്റെ 'ഒരാള്‍പ്പക്കം' എന്ന ചിത്രമാണ് സിനിമാവണ്ടിയിലൂടെ പ്രദര്‍ശിപ്പിക്കുന്നത്.


പ്രകാശ് ബാരെയും മീന കന്ദസ്വാമിയും മുഖ്യവേഷത്തിലെത്തുന്ന ഒരാള്‍പ്പൊക്കം, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള നിരന്തര സംഘട്ടനങ്ങളുടെ കഥപറയുന്ന ചിത്രമാണ്. മായയെ തേടിയുള്ള മഹേന്ദ്രന്റെ യാത്രയിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. പ്രകൃതിയും മനുഷ്യനും ആത്മീയതയും യാത്രയും ഉള്‍പ്പടെ  നിരവധി വായനകള്‍ പ്രേക്ഷകര്‍ക്ക് സാധ്യമാക്കുന്നു ഒരാള്‍പ്പൊക്കം.


സ്വന്തം നിലപാടുകളുള്ള മായയും മഹേന്ദ്രനും വിവാഹം കഴിക്കാതെ ഒരുമിച്ച ജീവിക്കുകയാണ്. ഒടുവില്‍ അകാരണങ്ങളായ വഴക്കിനെ തുടര്‍ന്ന് ഇരുവരും രണ്ടു വഴിക്ക് പിരിയുന്നു. പുതിയ ജീവിതപങ്കാളിയിലും മദ്യത്തിലും അഭയം തേടുന്ന മഹേന്ദ്രനെ തേടി മായയുടെ ഫോണെത്തി. കേദാര്‍നാഥിലെ തണുപ്പിലും ഉയരത്തിലും കൂടെ നടക്കാനുണ്ടോയെന്ന മായയുടെ ചോദ്യം. മദ്യത്തിന്റെ ലഹരിയില്‍ പിറ്റേന്ന് വൈകി എഴുന്നേറ്റ മഹേന്ദ്രന്‍ കേട്ടത് കേദാര്‍നാഥിലെ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും മരിച്ച ആയിരങ്ങളെക്കുറിച്ച്. സ്വസ്ഥത നഷ്ടപ്പെട്ട്  മായയെ അന്വേഷിച്ച്  പോകുന്ന മഹേന്ദ്രന്‍ തന്റെ ആത്മാവിലേക്ക് കൂടിയാണ് യാത്ര ചെയ്യുന്നത്.


മരുഭൂമി മുഴുവന്‍ മരുപ്പച്ചയാക്കിയ ഒരുവളുടെ വിചിത്രമായ ശവദാഹത്തിനടുത്താണ് ഒടുവില്‍ അയാള്‍ എത്തുന്നത്. അവള്‍ക്കും മായയുടെ അതേ മുഖഛായയായിരുന്നു. അവള്‍ മായയോ, അതോ............? ക്ലൈമാക്‌സ് പ്രേക്ഷകനു വിട്ടു കൊടുത്താണ് ഒരാള്‍പ്പൊക്കം അവസാനിക്കുന്നത്.


തടസ്സങ്ങളെ കുറിച്ച് ബോധ്യമുണ്ടായിട്ടും സനല്‍കുമാര്‍ തന്റെ ചിത്രം വലിയ കാന്‍വാസിലാണ് ചിന്തിച്ചതും ഒരുക്കിയതും. അവസാനം പണം മുടക്കാന്‍ ആളെ കിട്ടാതായപ്പോള്‍ കാഴ്ച ചലച്ചിത്ര വേദിയുടെ ആഭിമുഖ്യത്തില്‍ 26 ലക്ഷം രൂപ ജനങ്ങളില്‍ നിന്നും പിരിവെടുത്താണ് ഒരാള്‍പ്പൊക്കം നിര്‍മ്മിച്ചത്. 14 പേരടങ്ങുന്ന സംഘം രണ്ടു ഷെഡ്യൂളുകളിലായി 65 ദിവസം എടുത്താണ് ഇതിന്‍രെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്.


നഗരങ്ങളേക്കാള്‍ നാട്ടിന്‍പുറങ്ങളിലൂടെയാണ് സിനിമവണ്ടി യാത്ര ചെയ്യുന്നത്. സിനിമാവണ്ടിയുടെ പ്രദര്‍ശനവേളകളില്‍ കാണികളിലേറെയും മധ്യവയസ്‌കരാണ്. കേരളത്തോടൊപ്പം അമേരിക്ക, സിഡ്‌നി, അയര്‍ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും ഒരാള്‍പ്പൊക്കത്തിന്റെ സ്‌ക്രീനിംഗ് നടക്കുന്നുണ്ട്.


അഞ്ചു വര്‍ഷത്തിനിടയില്‍ ഇറങ്ങിയ നല്ല സിനിമകളുടെ പ്രദര്‍ശനവുമായി രണ്ടു സിനിമാവണ്ടി അടുത്തഘട്ടത്തില്‍ ഇറക്കും. ഇപ്പോഴും ജൈത്രയാത്ര തുടരുന്ന സനിനമാവണ്ടിയുടെ ആദ്യഘട്ടം ഈ മാസം 31ന് കാസര്‍കോട് അവസാനിക്കും.


Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.